ട്രീലെസ് മൗണ്ടന്‍ : പ്രതീക്ഷകളുടെ ഒരു പാഠപുസ്തകം
രണ്ട് കുരുന്നു ജീവിതങ്ങളിലൂടെ പ്രേഷകര്‍ക്ക് പ്രതീക്ഷയുടെ പുത്തന്‍ പാഠഭേദം പകര്‍ന്നു നല്‍കുകയാണ് ഈ ചിത്രം. സ്വന്തം വീടും കൂടും വിട്ട് പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയാലും ഒടുവില്‍ സ്വന്തം വീടിനേയും മാതാപിതാക്കളെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരുനാള്‍ ആരെയും തരളിതരാക്കും. അപ്പോള്‍ സാഹചര്യങ്ങളാല്‍ ഏകാന്തമായ മൊട്ടക്കുന്നുകളിലേക്ക് വലിച്ചെറിയപ്പെട്ട കുരുന്നുകളുടെ അവസ്ഥയോ?
ജിന്നും സഹോദരി ബിന്നും സ്യോള്‍ എന്ന പട്ടണത്തില്‍ താമസിക്കുന്നു. പിതാവ് ഉപേക്ഷിച്ച ഇവര്‍ക്ക് അമ്മ മാത്രമാണ് ആശ്രയം. പക്ഷേ അമ്മ അവരുടെ അച്ഛനെ തേടിപ്പോകുന്നതോടെ അവര്‍ക്ക് വലിയഅമ്മായിയുടെ അടുത്തേക്ക് പോകേണ്ടിവരുന്നു. ചുവന്ന ഒരു ബൊമ്മഡെപ്പി സമ്മാനിച്ചാണ് അമ്മ വിടപറയുന്നത്. ആ ഡപ്പിനിറയുബോള്‍ അമ്മ തിരിച്ചുവരുമെത്രേ. കുട്ടികളുടെ സ്‌നേഹത്തിന്റ പരസ്പര പ്രകടനമാണ് കഥയിലുടനീളം കാണുന്നത്. ഡെപ്പിനിറയ്ക്കുന്നതിനായുള്ള അവരുടെ പരിശ്രമങ്ങള്‍ രസകരമാണ്. പുല്‍ച്ചാടികളെ ഈര്‍ക്കിളില്‍ കോര്‍ത്ത് ചുടുന്നു. ഇത് സഞ്ചാരികള്‍ക്ക് വിറ്റ് അവര്‍ നാണയങ്ങള്‍ നേടുന്നു. മുഴുവന്‍സമയ മദ്യപാനിയായ അമ്മായിയില്‍ നിന്ന് അവര്‍ക്ക് ഒന്നും പ്രതീക്ഷിക്കാനില്ല. അവര്‍ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടുത്തേക്ക് ചേക്കേറുന്നതാണ് പിന്നീട് കാണുന്നത്.
അഭിനയംകൊണ്ട് കുട്ടികള്‍ നിറഞ്ഞുനില്ക്കുകയാണ് ചിത്രത്തില്‍. ഇളയകുട്ടി ബിന്‍ ഒരു മാലാഖയേപ്പോലെ ഹ്യദയത്തിലൂടെ സഞ്ചരിക്കുന്നു. 2008 ല്‍ എത്തിയ ഈ ചിത്രത്തില്‍ പുതുമ അവകാശപ്പെടാനില്ലെങ്കിലും ഹ്യദയസ്പര്‍ശിയായി ആശയം ചിത്രീകരിച്ചിരിക്കുന്നു സംവിധായകന്‍. ചിത്രത്തില്‍ ഭൂരിഭാഗവും ക്ലോസപ്പ് ഷോട്ടുകളാണ്. ഇത് ഒരേസമയം ചിത്രത്തിന്റ പരിമിതിയും ശക്തിയുമാണ്. തങ്ങളുടെ മൊട്ടക്കുന്നുകളില്‍ ചെടികള്‍ തളിര്‍ക്കുമെന്നും അതിലെ പൂക്കളും വിരിഞ്ഞ്‌പൊഴിയുമെന്നും പ്രതീക്ഷിച്ച് അപ്പൂപ്പന്റെ കൃഷിയിടത്തിലെ ഉയരങ്ങളിലേക്ക് നടന്നകലുന്ന ആ പുല്‍ക്കൊടികള്‍ക്കായി പ്രേഷകര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവും.
No comments:
Post a Comment